നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

രണ്ടും സത്യമാണ്

മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.

യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർഅറിയാതെ അവനോടാണ് ഭക്ഷണം തേടിയത്്.

ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല - അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.

വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.

ആത്മനിയന്ത്രണം ദൈവത്തിന്റെ ശക്തിയിൽ

1972 ൽ, ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു കാലതാമസം വരുത്താനുള്ള കുട്ടികളുടെ കഴിവ് അളക്കുന്നതിനായി “മാർഷ്മാലോ ടെസ്റ്റ്'” എന്നറിയപ്പെടുന്ന ഒരു പഠനം വികസിപ്പിച്ചെടുക്കുകയുണ്ടായി. കുട്ടികൾക്ക് നുണയുവാൻ ഓരോ മാർഷ്മാലോ നൽകുകയും, എന്നാൽ പത്ത് മിനിറ്റു നേരത്തേക്ക്  അതു കഴിക്കാതെ സൂക്ഷിക്കാൻ കഴിയുന്നവർക്ക് ഒരെണ്ണം കൂടി നൽകുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടികളിൽ മൂന്നിലൊന്നു പേർക്ക് കൂടിയ പ്രതിഫലത്തിനായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു.  മറ്റൊരു മൂന്നിലൊന്നു പേർ മുപ്പതു സെക്കൻഡിനുള്ളിൽ അത് അകത്താക്കി!     

നാം ആഗ്രഹിക്കുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ, കാത്തിരിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നമുക്കറിയാമെങ്കിലും, ആത്മനിയന്ത്രണം പാലിക്കാൻ നാം പാടുപെട്ടേക്കാം.  എങ്കിലും ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള സുപ്രധാനമായ പല സദ്ഗുണങ്ങളും “[നമ്മുടെ] വിശ്വാസത്തോടു് കൂട്ടിച്ചേർക്കാൻ” പത്രൊസ് നമ്മെ നിർബന്ധിക്കുന്നു (2 പത്രൊസ് 1:5-6). യേശുവിൽ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട്, ആ വിശ്വാസത്തിന്റെ തെളിവായി നന്മ, ജ്ഞാനം, സ്ഥിരോത്സാഹം, ആത്മനിയന്ത്രണം, ദൈവഭക്തി, വാത്സല്യം, സ്‌നേഹം എന്നിവയിൽ 'വർദ്ധിച്ച അളവിൽ വളരാൻ പത്രൊസ് തന്റെ വായനക്കാരെയും നമ്മെയും പ്രോത്സാഹിപ്പിച്ചു (വാ. 5-8).

ഈ സദ്ഗുണങ്ങൾ നമുക്ക് ദൈവത്തിന്റെ പ്രീതി നേടിത്തരികയോ സ്വർഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ദൈവം അതിനുള്ള ജ്ഞാനവും ശക്തിയും നൽകുന്നതിനാൽ  - നമ്മോടും അതുപോലെ നമ്മൾ ഇടപഴകുന്ന എല്ലാവരോടും—- ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകതയെയാണ് അവ തെളിയിക്കുന്നത്. കൂടാതെ, അതിലെല്ലാമുപരി, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവനെ പ്രസാദിപ്പിക്കുന്ന നമുക്ക് 'ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ'' (വാ. 3).

ജ്ഞാനത്തോടെ തെരഞ്ഞെടുക്കുക

ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ  ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല.മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു. 

നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ "തന്നെത്താൻ ത്യജിക്കണം" എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34 ) . ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.

നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.

സത്യത്തിന്റെ പകർച്ച

കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്‌സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.

മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.

നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ  ടെക്‌സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ  അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.

സ്വപ്ന സംഘം

സുഹൃത്തുക്കളായ മെലാനിയും ട്രെവറും ഒരുമിച്ച് അനേക മൈൽ ദുർഘടപാതകൾ താണ്ടിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഇവരിലാർക്കും ഒറ്റക്കത് കഴിയില്ല. നട്ടെല്ലിന് ബലമില്ലാതെ ജനിച്ച മെലാനി വീൽ ചെയറിലാണ്. ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ടയാളാണ് ട്രെവർ. കൊളറാഡോയിലെ വനപാതകൾ ആസ്വദിക്കുന്നതിന് അവരന്യോന്യം പരസ്പര പൂരകങ്ങളാണെന്ന് ഈ ജോടി തിരിച്ചറിഞ്ഞു. വനപഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെവർ മെലാനിയെ ചുമലിലേറ്റുന്നു; മെലാനി അവന് വഴി പറഞ്ഞു കൊടുക്കുന്നു. അവർ തങ്ങളെ ഒരു "സ്വപ്ന സംഘം" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവരെ - ക്രിസ്തുവിന്റെ ശരീരം ആയവരെ - ഇതുപോലൊരു "സ്വപ്ന സംഘ" മെന്ന് വിശേഷിപ്പിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ കൃപാവരങ്ങൾ എല്ലാവർക്കും പ്രയോജനകരമാക്കണമെന്ന് അദ്ദേഹം റോമൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ശരീരം വിവിധ അവയവങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതുപോലെ, വിവിധ ദൗത്യങ്ങൾ ഉള്ള നാമെല്ലാം ചേർന്ന് ഒരു "ആത്മീയ ശരീരം" ആയിരിക്കുകയും, സഭയുടെ പൊതുപ്രയോജനത്തിനായി ആത്മവരങ്ങൾ നല്കപ്പെട്ടിരിക്കുകയും ചെയ്യുന്നു (റോമർ 12:5). ദാനം ചെയ്യുവാനുള്ള വരം, പ്രോത്സാഹിപ്പിക്കാനുള്ള വരം, പഠിപ്പിക്കാനുള്ള വരം എന്നിങ്ങനെ ഏതു ആത്മവരമായാലും അതൊക്കെയും മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്ന് കണക്കാക്കണമെന്ന് പൗലോസ് നിർദ്ദേശിക്കുന്നു (വാ. 5-8).

മെലാനിയും ട്രെവറും തങ്ങൾക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രയാസപ്പെട്ടില്ല; മറ്റെയാൾക്ക് ഇല്ലാത്തതും തനിക്കുള്ളതുമായ കഴിവിനെയോർത്ത് അഹങ്കരിച്ചുമില്ല. മറിച്ച്, അവർക്കുള്ള "കൃപാവര"ത്തെ സന്തോഷത്തോടെ മറ്റെയാൾക്കുവേണ്ടി ഉപയോഗിക്കുന്നു; ഒരുമിച്ച് പ്രവർത്തിക്കുന്നത് അന്യോന്യം എത്ര പ്രയോജനകരമാണെന്നവർ തിരിച്ചറിയുന്നു. നമുക്കും, ദൈവം നല്കിയ കൃപാവരങ്ങളെ  മറ്റുള്ളവരുടെതിനൊപ്പം നിസ്വാർത്ഥമായി ഒരുമിച്ച് ഉപയോഗിക്കാം – ക്രിസ്തുവിനെ പ്രതി.

സമൃദ്ധി ആവശ്യത്തെ നിവർത്തിക്കുന്നു.

ആവശ്യക്കാരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് സ്‌കൂൾ ഉച്ചഭക്ഷണശാല പോലെ വലിയ ഭക്ഷണശാലകൾ ആവശ്യത്തിലും അധികം ഭക്ഷണം തയ്യാറാക്കാറുണ്ട്, ബാക്കി ഭക്ഷണം പാഴായിപ്പോകും. എന്നാൽ നിരവധി കുട്ടികൾ വീട്ടിൽ ഭക്ഷണമില്ലാത്തവരും, വാരാന്ത്യത്തിൽ ഭക്ഷണമില്ലാത്തവരും ഉണ്ട്. ഒരു വിദ്യാഭ്യാസ ജില്ല ഒരു സന്നദ്ധസംഘടനയുമായിച്ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തി. ബാക്കി വരുന്ന ഭക്ഷണം അവർ പൊതിഞ്ഞു കുട്ടികൾക്ക് വീടുകളിൽ കൊടുത്തയച്ചു, അങ്ങനെ ഒരേ സമയത്തു ഭക്ഷണം പാഴാക്കുന്നതിനും വിശപ്പിനും ഒരു പരിഹാരം കണ്ടു.

നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയാൽ സമ്പത്തിന്റെ ധാരാളിത്തം ഒരു പ്രശ്‌നമേയല്ല. സ്കൂൾ പ്രോജക്ടിന്റെ പിന്നിലെ തത്വം അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നതു പോലെയാണ്. മക്കദോന്യയിലുള്ള സഭ കഷ്ടമനുഭവിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ട് താൻ കൊരിന്തിലുള്ള സഭയോട് അവരുടെ സമൃദ്ധി മറ്റുള്ളവരുടെ ആവശ്യത്തിന് ഉതകുവാൻ ആവശ്യപ്പെട്ടു (2 കൊരിന്ത്യർ 8:14). അദ്ദേഹത്തിന്റെ ലക്‌ഷ്യം സഭകൾ തമ്മിൽ ഒരു സമത്വം കൊണ്ടുവരേണ്ടതിനായിരുന്നു. അങ്ങനെ ചിലർക്ക് ധാരാളവും മറ്റുചിലർക്ക് കുറവും ഉണ്ടാവില്ല.

പൗലോസ് കൊരിന്ത്യ സഭ അവർ നൽകുന്നതിലൂടെ ദരിദ്രരാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ഇവരും വരും നാളുകളിൽ ആവശ്യം നേരിടാൻ സാദ്ധ്യതയുകാം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മക്കദോന്യക്കാരോട് മനസ്സലിവും ഉദാരതയും ഉണ്ടാകുവാൻ ആവശ്യപ്പെടുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ കാണുമ്പോൾ, നമുക്ക് എന്തെങ്കിലും പങ്കുവെക്കുവാനുണ്ടോ എന്ന് ശോധന ചെയ്യാം. നാം നൽകുന്നത് -വലുതോ ചെറുതോ ആകട്ടെ- ഒരിക്കലും പാഴാകില്ല.

യേശുവിലുള്ള പുതിയ ഡി എൻ എ

തന്റെ ജീവൻ രക്ഷിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ക്രിസ്സ് വീണ്ടും പരിശോധനയ്ക്കായി തന്റെ രക്തം കൊടുത്തു. ദാതാവിന്റെ മജ്ജ തന്റെ സൗഖ്യത്തിനാവശ്യമായത് നൽകിയെങ്കിലും ആശ്ചര്യകരമായ ഒരു കാര്യം അവശേഷിപ്പിച്ചു: ക്രിസിന്റെ DNA ഇപ്പോൾ ക്രിസ്സിന്റേതല്ല ദാതാവിന്റേതാണ്. ഇത് ശരിക്കും സംഭവിക്കാം: മാറ്റിവെക്കലിന്റെ ലക്‌ഷ്യം തന്റെ ബലക്ഷയമുള്ള രക്തം ദാതാവിന്റെ ആരോഗ്യമുള്ള രക്തവുമായുള്ള മാറ്റമാണ്. അതിനാൽ ക്രിസിന്റെ കവിളുകൾ, ചുണ്ടുകൾ, നാവ് എന്നിവയുടെ സ്രവങ്ങളെല്ലാം ദാതാവിന്റെ DNA പ്രകടമാക്കി. തന്റെ ഓർമ്മകളും, പുറമെയുള്ള രൂപവും നിലനിർത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ അവൻ മറ്റൊരാളായി മാറി.

ക്രിസിന്റെ അനുഭവം യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്നതിന് സമാനമാണ്. നമ്മുടെ ആത്മീക രൂപാന്തരത്തിന്റെ സമയത്ത് - നാം യേശുവിൽ ആശ്രയിക്കുമ്പോൾ - നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു (2 കൊരിന്ത്യർ 5:17). എഫേസോസ് സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം, അവരെ ക്രിസ്തുവിനുവേണ്ടി വേർപെട്ട്, അവരിലെ ആന്തരിക രൂപാന്തരത്തെ വെളിപ്പെടുത്തുവാൻ പ്രോത്സാഹിപ്പിച്ചു, "ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ" (എഫേസ്യർ 4:22-24).

രൂപാന്തരം വരുത്തുന്ന യേശുവിന്റെ ശക്തി നമ്മിൽ സജീവമാണെന്ന് കാണിക്കാൻ നമുക്ക് ഡിഎൻഎ പരിശോധനകളോ രക്തപരിശോധനകളോ ആവശ്യമില്ല. ആ ആന്തരിക സത്യം നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ നാം വ്യാപൃതരാകുമ്പോൾ, നാം എത്രത്തോളം തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി, ദൈവം ക്രിസ്തുവിൽ നമ്മോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുമ്പോൾ നമ്മിലൂടെ പ്രകടമാകണം. (വാ.32).

സ്നേഹത്തിൽ നിന്ന് നൽകുക

ആയുഷ് എല്ലാ ദിവസവും പ്രഭാത ഭക്ഷണം വാങ്ങിയിരുന്നത് അടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു. ഒപ്പം തന്നെ അവൻ എല്ലാ ദിവസവും ആവശ്യത്തിലിരിക്കുന്ന ഒരാൾക്കായി ഭക്ഷണം അവരറിയാതെ കാഷ്യർ മുഖേന ഒരു ശുഭദിന ആശംസയോടെ നൽകിയിരുന്നു. ആയുഷിന് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരുടെ പ്രതികരണത്തെപ്പറ്റിയും അവനു ധാരണയുണ്ടായിരുന്നില്ല, എന്നാൽ "തനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ പ്രവർത്തിയായി" അവൻ ഇതിനെ വിശ്വസിച്ചിരുന്നു. ആകെ ഒരവസരത്തിൽ മാത്രമാണ് അവന് താൻ നൽകുന്ന ഈ ചെറിയ സമ്മാനത്തിന്റെ സ്വാധീനം മനസ്സിലായുള്ളു. ഒരിക്കൽ, താൻ ചെയ്യുന്ന പ്രവർത്തിയുടെ സ്വാധീനം അവനൊരു ദിനപത്രത്തിന്റെ പംക്തിയിൽ നിന്ന് മനസ്സിലാക്കി. ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു വ്യക്തി മാറി ചിന്തിക്കുവാൻ താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തി അന്നേദിവസം പ്രേരിപ്പിച്ചു എന്ന് അവൻ മനസ്സിലാക്കി.

യാതൊരു അംഗീകാരവും ആഗ്രഹിക്കാതെ തന്നെ ആയുഷ് ഓരോ ദിവസവും ഒരാൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. "നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു" (മത്തായി 6:3) എന്ന് യേശു പറയുമ്പോൾ, ആയുഷ് ചെയ്തത് പോലെ, നമ്മെ തിരിച്ചറിയാതെ നാം നന്മ ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരുടെ ബഹുമാനം തേടാതെ, ദൈവസ്നേഹത്തിൽ നിന്ന് നൽകുമ്പോൾ, നമ്മുടെ സമ്മാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് ലഭിക്കുന്നവരുടെ ആവശ്യത്തിന് ഉതകുവാൻ അവിടുന്ന് സഹായിക്കും.

വെളിച്ചം ഉണ്ടാകട്ടെ

എന്റെ മകൾ പിച്ചവെച്ചു നടക്കുന്ന സമയം അവൾ അത്ഭുതത്തോടെ കണ്ടെത്തുന്ന അപരിചിതമായ ഓരോ കാര്യത്തിനും ഞാൻ പലപ്പോഴും പേരിട്ടു; ആ വസ്തുക്കൾ തിരിച്ചറിയുന്നതിനായി അവളെ അതു സ്പർശിക്കുവാൻ അനുവദിക്കുകയോ അവൾക്കായി അതിന്റെ പേര് ആവർത്തിച്ചു പറയുകയോ ചെയ്യുക പതിവായിരുന്നു. ചുറ്റും കാണുന്ന വിശാലമായ ലോകം അവളെ പരിചയപ്പെടുത്തുകയും അവയുടെ പേര് പഠിപ്പിക്കുകയുമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എന്റെ ഭർത്താവും ഞാനും , സ്വാഭാവികമായും അവളുടെ ആദ്യ വാക്ക് അമ്മ എന്നോ അപ്പ എന്നോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവൾ തികച്ചും വ്യത്യസ്തമായ അവളുടെ ആദ്യ വാക്കുകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി: ഒരു ദിവസം അവളുടെ ചെറിയ വായ മൃദുവായി പിറുപിറുത്തു – വേറ്റം! ഞാൻ പറഞ്ഞു കൊടുത്ത “വെട്ടം” (വെളിച്ചം) എന്ന വാക്കിന്റെ മധുരമായ പ്രതിധ്വനി ആയിരുന്നു അത്.
ബൈബിളിൽ നമുക്കായി രേഖപ്പെടുത്തിയ ദൈവത്തിന്റെ ആദ്യ വാക്കുകളിൽ ഒന്നാണ് വെളിച്ചം. ദൈവത്തിന്റെ ആത്മാവ്, പാഴും ശൂന്യവുമായി ഇരുന്ന ഇരുണ്ട ഭൂമിയിൽ, പരിവർത്തനം ചെയ്യുമ്പോൾ, ദൈവം ഭൂമിയിൽ വെളിച്ചം അവതരിപ്പിച്ചു, "വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു" (ഉൽപത്തി 1: 3). മറ്റ് തിരുവെഴുത്തുകളും ഇതു തന്നെ പറയുന്നു: ദൈവവചനം നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ വിശദീകരിക്കുന്നു (സങ്കീ. 119:130), യേശു തന്നെക്കുറിച്ച് തന്നെ"ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു" എന്ന് പറയുന്നു, (യോഹ. 8:12).
സൃഷ്ടികർമ്മത്തിൽ ദൈവത്തിന്റെ ആദ്യ വാക്ക് വെളിച്ചം ഉണ്ടാകട്ടെ എന്നതായിരുന്നു. അത് ആ ജോലി ചെയ്യുവാൻ ദൈവത്തിന് വെളിച്ചം ആവശ്യമായിരുന്നതുകൊണ്ടല്ല; ആ വെളിച്ചം നമുക്ക് വേണ്ടിയായിരുന്നു. നമുക്ക് ചുറ്റുമുള്ള സൃഷ്ടിയിൽ അവനെ കാണുവാനും അവന്റെ വിരലടയാളം തിരിച്ചറിയാനും, നല്ലതല്ലാത്തതിൽ നിന്ന് നല്ലതെന്താണെന്ന് മനസ്സിലാക്കുവാനും, ഈ വിശാലമായ ലോകത്തിൽ യേശുവിന്റെ പിന്നാലെ ഓരോ ചുവടും വെക്കുവാനും വെളിച്ചം നമ്മെ പ്രാപ്തരാക്കുന്നു.

പ്രാധാന്യമുള്ളത് എന്ത്?

ഒരു സഹപ്രവർത്തകനും സഹവിശ്വാസിയുമായ ആൾ എന്റെ ഒരു സുഹൃത്തിനോട് അവൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം സമൂഹത്തെ വേർതിരിക്കുന്ന നിരവധി കാര്യങ്ങളിൽ ഏതിലെങ്കിലും അവർ തമ്മിൽ ഐക്യമുണ്ടോ എന്നറിയുക ആയിരുന്നു. അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശ്രമത്തിന് അവൾ ലളിതമായി ഇങ്ങനെ മറുപടി പറഞ്ഞു: “നമ്മൾ രണ്ടു പേരും വിശ്വാസികളായതു കൊണ്ട്, ക്രിസ്തുവിൽ നമുക്കുള്ള ഐക്യത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് എനിക്ക് താല്പര്യം.”

പൗലോസിന്റെ കാലത്തും ആളുകൾക്ക് മറ്റ് പല കാര്യങ്ങളിലും വിഭാഗീയത ഉണ്ടായിരുന്നു. അനുവദനീയമായ ഭക്ഷണം ഏതാണ്, വിശുദ്ധമായി കണക്കാക്കപ്പെടുന്ന ദിവസങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ റോമിലെ ക്രിസ്ത്യാനികളുടെയിടയിൽ ഭിന്നതയുണ്ടായിരുന്നു. വിശ്വസിക്കുന്ന കാര്യങ്ങളിൽ “ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കുന്ന“തിനു പുറമെ. പൗലോസ് അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് ഓർമ്മിപ്പിക്കുന്നു:യേശുവിനു വേണ്ടി ജീവിക്കുന്നു എന്നതാണ് (റോമർ 14:5-9). മറ്റുള്ളവരെ വിധിക്കാതെ “സമാധാനത്തിനും അന്യോന്യം ആത്മിക വർധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക” (വാ.19) എന്ന് അവരെ പ്രബോധിപ്പിക്കുന്നു.

രാജ്യങ്ങളും സഭകളും സമൂഹങ്ങളും വലുതും ചെറുതുമായ നിരവധി വിഷയങ്ങളിൽ വിഭിന്നരായിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതങ്ങളെ അവനോടു കൂടെ നിത്യ ഭദ്രമാക്കുന്നതിനു വേണ്ടി ക്രിസ്തു ക്രൂശിൽ ചെയ്ത പ്രവൃത്തി എന്ന ഐക്യപ്പെടുത്തുന്ന സത്യത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നമ്മുടെ വ്യക്തിപരമായ നിലപാടുകൾ മൂലം “ദൈവ നിർമ്മാണത്തെ അഴിക്കരുത് “എന്ന പൗലോസിന്റെ വാക്കുകൾ 2000 വർഷം മുമ്പെന്ന പോലെ ഇന്നും പ്രസക്തമാണ്. മറ്റുള്ളവരുടെമേൽ വിധി പ്രസ്താവിക്കുന്നവരാകാതെ, സ്നേഹപൂർവ്വം പ്രവർത്തിക്കുകയും നമ്മുടെ സഹോദരീ സഹോദരന്മാരെ ബഹുമാനിക്കുന്ന വിധം ജീവിക്കുകയും ചെയ്യാം.